മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ബല്‍റാംപൂര്‍: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങിനെയും സുഹൃത്ത് പിന്റു സാഹുവിനെയും ബഹാദൂര്‍പൂര്‍ ക്രോസിങിനു സമീപം ഒരു കാട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസിലാണ് ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, റിങ്കു, അക്രം അലി എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് ബല്‍റാംപൂര്‍ പോലിസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു.

മൂവരും കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഗ്രാമമുഖ്യയായ കേശ്വാനന്ദിന്റെ മാതാവ് ഫണ്ട് തട്ടിയെടുത്തതായി രാകേഷ് സിങ് പുറത്തുകൊണ്ടുവന്നതാണ് കൊലപാതക കാരണം. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് പോയി രാകേഷ് സിങിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മദ്യം കഴിക്കുകയും പിന്നീട് കുറ്റകൃത്യം നടപ്പാക്കുകയുമായിരുന്നു. കൊലപാതകം അപകടമരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വീട് കത്തിക്കാന്‍ മദ്യം കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.