സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
മലപ്പുറം: സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പരാതിയിൽ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെ (46) മലപ്പുറം പോലീസ് പിടികൂടി.

ചൊവ്വാഴ്ച രാവിലെ ഒൻപതിന് രാമനാട്ടുകരയിലെ വീട്ടിൽവെച്ചായിരുന്നു അറസ്റ്റ്. 12,000 രൂപ വിലയുള്ള തയ്യൽയന്ത്രം 6,000 രൂപയ്ക്ക് വാങ്ങിനൽകാമെന്നുപറഞ്ഞ് കുടുംബശ്രീ പ്രവർത്തകർ, തയ്യൽജോലിയിൽ ഏർപ്പെട്ട സ്ത്രികൾ എന്നിവരിൽനിന്ന് പണം സ്വരൂപിച്ചായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം.

ഒരുപഞ്ചായത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ 30 മുതൽ 50 പേർവരെ വരുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ഗാർമെന്റ് സൊസൈറ്റി രൂപവത്കരിക്കുമെന്നും സുനിൽകുമാർ വാഗ്‌ദാനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ രണ്ടുപേർക്ക് തയ്യൽയന്ത്രം നൽകുകയുംചെയ്തു. പിന്നീട് യന്ത്രം ലഭിക്കാതെയായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.ജില്ലയിൽ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂർ, താനാളൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ സുനിൽകുമാർ ഗാർമെന്റ് സൊസൈറ്റി രൂപവത്കരിച്ച് പണം തട്ടിയിട്ടുണ്ട്. മൂന്നുകൊല്ലമായി തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സ്ത്രീകളെ

കബളിപ്പിച്ച് പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് മലപ്പുറം സി.ഐ എ. പ്രേംജിത്ത് അറിയിച്ചു.
പോലീസ് സംഘത്തിൽ എസ്.ഐ ലത്തീഫ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ ഹരിലാൽ, വിനോദ് എന്നിവരുമുണ്ടായിരുന്നു.പ്രതിയെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.