ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിച്ചത് 32 പരാതികള്‍

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരിപാടിയില്‍ ഇന്ന് 32 പരാതികള്‍ പരിഗണിച്ചു.

 

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളിലെ പരാതികളാണ് നേരിട്ടുകേട്ടത്. ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരാതിക്കാരെ വിവരം അറിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കഴിഞ്ഞയാഴ്ച ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പരാതികളാണ് സംസ്ഥാന പോലീസ് മേധാവി പരിഗണിച്ചത്.

 

സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികള്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതപങ്കാളിക്കും പരാതിപ്പെടാന്‍ അവസരമുണ്ട്. സംസ്ഥാന പോലീസ് മേധാവി എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ട പരാതികള്‍ കേള്‍ക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

 

ഡിസംബര്‍ 18ന് നടക്കുന്ന അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ ആണ് പരിഗണിക്കുന്നത്. പരാതികള്‍ ഡിസംബര്‍ 15 നു മുമ്പ് spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.