കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് ഇവ കടത്താനായിരുന്നു പദ്ധതി.

ഷാര്‍ജ: കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ഷാര്‍ജ കസ്റ്റംസ് പിടികൂടി. 125 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് ഇവ കടത്താനായിരുന്നു പദ്ധതി.

 

ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് സമുദ്ര മാര്‍ഗം എത്തിയ കണ്ടെയ്‍നറിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ശീതീകരിച്ച കണ്ടെയ്‍നറിന്റെ അടിയില്‍ പ്രത്യേക ബോക്സുകള്‍ നിര്‍മിച്ച് അതിനുള്ളിലാക്കിയായിരുന്നു ഇവ എത്തിച്ചത്. കണ്ടെയ്‍നര്‍ പരിശോധിച്ചപ്പോള്‍ നിലത്ത് വെല്‍ഡ് ചെയ്‍തതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടയാന്‍ സാധിച്ചതില്‍ ഫെഡറല്‍ കസ്റ്റംസ് അതോരിറ്റി ചെയര്‍മാനും കമ്മീഷണറുമായ അലി സഈദ് മത്തര്‍ അല്‍ നിയാദി, ഷാര്‍ജ കംസ്റ്റംസിനെ അഭിനന്ദിച്ചു.