‘മുസ്ലിംലീഗ് കേരളചരിത്രത്തിൽ’  ഹൈദരലി തങ്ങൾ പ്രകാശനം ചെയ്തു.

മലപ്പുറം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി എഴുതിയ ‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പുറത്തിറക്കി.

പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങിൽ മുസ്ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ അഡ്വ. കെ പി മറിയുമ്മ പുസ്തകം ഏറ്റുവാങ്ങി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിംലീഗിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള ശ്രമമാണ് പുസ്തകത്തിൽ നടത്തിയിരിക്കുന്നത് എന്നു ഗ്രന്ഥകാരൻ എൻ പി ചെക്കുട്ടി പറഞ്ഞു. പഠനാർഹമായ ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതിൽ തനിക്കു വലിയ സന്തോഷമുണ്ടെന്നു ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കോഴിക്കോട് ചാപ്റ്റർ ഡയറക്ടർ പ്രഫ .പി കോയ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവാഹാജി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.