സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം – ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: ഡിസംബർ 10ന് മംഗലാപുരം- തിരുവനന്തപുരം റൂട്ടിൽ ഓടിത്തുടങ്ങുന്ന കോവിഡ് സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള ഇതേ ട്രെയിനിന് തിരൂരിൽ സ്റ്റോപ്പുണ്ട്.

അതേസമയം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് സ്റ്റോപ്പില്ല. കോഴിക്കോട്-ഷൊർണൂർ റൂട്ടിലെ യാത്രക്കാർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കും. ഗതാഗത സൗകര്യം പരിമിതമായ സാഹചര്യത്തിൽ ഉള്ള സർവീസുകൾ കൂടുതൽ ഉപകാരപ്രദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കണക്ഷൻ ട്രെയിനുകൾ ഇല്ലാത്തതും മുൻകൂട്ടി ബുക്കിങ് നിർബന്ധമാക്കിയതും കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നതായും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.