മഞ്ചേരി എഫ് .എം. റെയിന്‍ബോ നിലയമാക്കരുത്

മലപ്പുറം : ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തിന്റെ പേരും പരിപാടികളും മാറ്റി, കൊച്ചി എഫ്. എം നിലയവുമായി സംയോജിപ്പിച്ച്, ‘റെയിന്‍ബോ’ എന്ന മെട്രോപോളിറ്റന്‍ വിനോദ ചാനലാക്കാനുള്ള പ്രസാര്‍ഭാരതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് സംയുക്തസമര സമിതി ആവശ്യപ്പെട്ടു. ഈ നടപടി മലബാറിലെ ഏറ്റവും ജനകീയമായ നിലയത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. വന്‍ നഗരങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സംഗീത പരിപാടികള്‍ മാത്രം നിറച്ച റെയിന്‍ബോ പരിപാടികള്‍ മഞ്ചേരിയിലെ നിലവിലുള്ള മുഴുവന്‍ ജനപ്രിയ പരിപാടികളും അവസാനിപ്പിക്കും.

ശ്രോതാക്കളുടെ ചിരകാല അഭിലാഷമായ ആകാശവാണി മഞ്ചേരി എഫ്.എം. നിലയം 2006 ലാണ് സ്ഥാപിതമായത്. അന്നത്തെ മലപ്പുറം എം.പി യായിരുന്ന ആദരണീയനായ ഇ. അഹമ്മദ് ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കകാലത്തു വൈകുന്നേരങ്ങളില്‍ മാത്രമായിരുന്ന പ്രക്ഷേപണം 2017 ജനവരി 26 ന് പ്രഭാത പ്രക്ഷേപണത്തിലേക്കും കഴിഞ്ഞ വര്‍ഷം ജൂണ്‍ 2 ന്,രാവിലെ 5.53 മുതല്‍ രാത്രി 11.06 വരെ നീളുന്ന തുടര്‍ച്ചയായ പ്രക്ഷേപണത്തിലേക്കും വളര്‍ന്നു. ശ്രേത്രാക്കളുടെ എണ്ണത്തിലും പരസ്യ വരുമാനത്തിലും കുറച്ചു കാലം കൊണ്ട് നിലയം മുന്‍ നിരയിലെത്തി.

ഏറ്റവുമധികം പ്രദേശങ്ങളില്‍ ലഭിക്കുന്ന മഞ്ചേരി നിലയത്തിലെ പരിപാടികള്‍ക്ക് സമീപ ജില്ലകളിലും നിരവധി ആരാധകരാണുള്ളത്. എണ്ണമറ്റ മികച്ച പരിപാടികളാണ് ശ്രോതാക്കള്‍ക്കായി ഒരുക്കിക്കൊണ്ടിരുന്നത്. അറിയാനും ആനന്ദിക്കാനുമായി ഒട്ടേറെ പരിപാടികളാണ് നിലയം ശ്രോതാക്കള്‍ക്ക് സമ്മാനിച്ചുകൊണ്ടിരുന്നത്. ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികള്‍ ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. ഇപ്പോള്‍ ആകാശവാണിയുടെ ന്യൂസ് ഓണ്‍ എയര്‍ ആപ്പ്കൂടി വന്നതോടെ നിലയത്തിന്റെ പ്രചാരം പതിന്മടങ്ങു വര്‍ധിച്ചരിക്കയാണ്.

കേരളത്തില്‍വച്ചേറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലക്കാര്‍ നാടിന്റെ സ്പന്ദനം ഓരോ നിമിഷവും മഞ്ചേരി ആകാശവാണിയിലൂടെ അറിയാമെന്ന ആശ്വാസത്തിലായിരുന്നു. കഴിഞ്ഞുപോയ പ്രകൃതി ദുരന്ത സമയങ്ങളിലും മഹാമാരികാലങ്ങളിലും ഒറ്റപ്പെട്ടുപോയപ്പോള്‍, നാട്ടിലെ സത്യസന്ധമായ വിവരങ്ങള്‍ അതാതു സമയങ്ങളില്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു മഞ്ചേരി ആകാശവാണി സ്തുത്യര്‍ഹമായ സേവനമായിരുന്നു കാഴ്ചവച്ചത്.

സുഭാഷിതം, ആരോഗ്യജലകം, നോവല്‍ വായന, ആയുരാരോഗ്യം, ജാഗ്രത, ജീവിത പാഠം, സമകാലികം പുസ്തക പരിചയം, കാവ്യധാര, പാട്ടുപൊലിമ, ദൃഷ്ടി, എഫ് എം വാര്‍ത്തകള്‍, എന്തുപഠിക്കണം എന്താകണം, സൈബര്‍ ജാലകം, രസമുകുളം, ഇംഗ്ലീഷ് മറ്റേഴ്‌സ്, നല്ല മലയാളം, നാട്ടുവൃത്താന്തം, ഇശല്‍, ഉള്‍ക്കാഴ്ച, മഴവില്ല് , സ്‌നേഹദൂത്, സ്മൃതിഗീതങ്ങള്‍, ക്യാമ്പസ് ചോയ്‌സ്, യുവവാണി, ചിത്രമഞ്ജരി, കുട്ടിറോക്ക്‌സ്, മാത്!സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കായുള്ള ഹലോ യൂത്ത് ചോദ്യോത്തര പരിപാടി തുടങ്ങി നിരവധി മനം കവരുന്ന പരിപാടികള്‍ മഞ്ചേരി ആകാശവാണി ശ്രോതാകള്‍ക്കായി ഒരുക്കി കൊണ്ടിരിക്കുന്നു. നിലയത്തിന്റെ പെരുമ വാനോളം ഉയര്‍ത്തുന്നതാണ് എന്റെ ഗാനം എന്ന സൂപ്പര്‍ ഹിറ്റ് പരിപാടി. പ്രത്യേകിച്ച് ശ്രോതാക്കള്‍ക്കുകൂടി ഇതില്‍ അവസരം നല്‍കുന്നു എന്നുള്ളതാണ്.

ശ്രോതാക്കള്‍ അയക്കുന്ന കത്തുകള്‍ വായിക്കുന്ന അരമണിക്കൂര്‍ നീളുന്ന പരസ്പരം പരിപാടി മലയാള റേഡിയോ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പ്രതികരണ പരിപാടിയാണ്. വിമര്‍ശനകളും അഭിനന്ദനങ്ങളും, നിര്‍ദ്ദേശങ്ങളും അടങ്ങിയ പരിപാടിയാണത്. ഇതെല്ലാം ഉള്‍ക്കൊണ്ടായിരുന്നു മഞ്ചേരി നിലയം പരിപാടികളെല്ലാം ജനപ്രിയമാക്കികൊണ്ടിരുന്നത്.

മഞ്ചേരി ആകാശവാണിയിലെ ഒരുകൂട്ടം യുവ ക്യാഷ്വല്‍ അവതാരകാരും ജീവനക്കാരുമാണ് നിലയത്തിലെ പരിപാടികള്‍ വര്‍ണാഭമാക്കുന്നത്.

മഞ്ചേരി എഫ്.എം നിലയത്തിന്റെ പരിപാടികളുടെ രൂപവും, പേരും മാറ്റി, മെട്രോപോളിറ്റന്‍ നഗരങ്ങള്‍ക്കായുള്ള റെയിന്‍ബോ ചാനലാക്കുന്നതോടെ നഗര കേന്ദ്രീകൃതമാകുന്ന നിലയത്തിന്റെ പ്രസക്തിയും നില നില്പും അപകടത്തിലാക്കും. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരസ്യ വരുമാനത്തെയും ബാധിക്കും.

ചെലവുചുരുക്കലിന്റെ പേരില്‍ കഴിഞ്ഞ നവംബര്‍ 18 നു ചേര്‍ന്ന പ്രസര്‍ഭാരതിയുടെ ഉന്നത തല യോഗമാണ് ഇത്തരം വിചിത്രമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. വിനോദത്തിനും വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മഞ്ചേരി ആകാശവാണിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമ്പോള്‍ നാട്ടുഭാഷയുടെ ചൂടും,ചൂരും ഏറ്റുകൊണ്ടുള്ള അറിയാനുള്ള അവകാശമാണ് ഇല്ലാതാക്കുന്നത്. പ്രസാര്‍ഭാരതിയുടെ മഞ്ചേരി ആകാശവാണിയെ കൊച്ചിയുമായി സംയോജിപ്പ് റെയിന്‍ബോ നിലയമാക്കാനുള്ള തീരുമാനം പിന്‍വലിച്ച് , ഇപ്പോഴുള്ള പോലെ സ്വന്തം പരിപാടികള്‍ പ്രക്ഷേപണം ചെയ്ത് നാടിന്റെ ശബ്ദമാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സംയുക്ത സമരസമിതി അഭ്യര്‍ത്ഥിച്ചു