ബഹ്‌റൈന്‍ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം കൈമാറി.

കോഴിക്കോട്: പ്രവാസി സുരക്ഷയെ മുന്‍നിര്‍ത്തി ബഹ്‌റൈന്‍ കെ.എം.സി.സി ബഹ്‌റൈന്‍ നടപ്പാക്കി വരുന്ന അല്‍ അമാന സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു കൈമാറി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ പി എ മജീദിന്റെ സാന്നിധ്യത്തില്‍ ആണ് തുക കൈമാറിയത് അല്‍ അമാന പദ്ധതിയിലെ അംഗങ്ങളായി മരണപ്പെട്ട മൂന്നു പേരുടെ കുടുംബത്തിനുള്ള 14 ലക്ഷം രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവര്‍ക്കുള്ള അവശതാ പെന്‍ഷന്‍ തുകയുമാണ് കൈമാറിയത്. വടകര, വയനാട്, കണ്ണൂര്‍ സ്വദേശികളുടെ കുടുംബത്തിനാണ് കുടുംബ സുരക്ഷാ ഫണ്ട് വഴി ആശ്വാസ ധനസഹായം നല്‍കിയത്. രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ 10 ലക്ഷം രൂപ കൈമാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപയും പ്രതിമാസ പെന്‍ഷന്‍ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്. നേരത്തെ പദ്ധതിയിലൂടെ കൊവിഡ് ദുരിതകാലത്ത് നൂറുക്കണക്കിന് പ്രവാസികള്‍ക്ക് അയ്യായിരം രൂപ ധനസഹായമായി വിതരണം ചെയ്തിരുന്നു.

പ്രവാസികളുടെ സമൂഹിക സുരക്ഷാ മുന്‍ നിര്‍ത്തിയാണ് കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അല്‍ അമാനയിലൂടെ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്‌റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്. കെ.എം.സി.സി ബഹ്‌റൈനിന്റെ സഹായസമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നടപ്പാക്കുന്ന അല്‍അമാനയില്‍ അംഗത്വമെടുക്കുന്നതിലൂടെ പ്രവാസികളുടെ ഭാവിയും സുരക്ഷിതമാകുന്നു.

 

ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സ്റ്റേറ്റ് സെക്രട്ടറി എ പി ഫൈസല്‍, വൈസ് പ്രസിഡന്റ് കെ.യു അബ്ദുല്‍ ലത്തീഫ്, ഫൈസല്‍ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ഇംനാസ് ബാബു. എസ്.കെ നാസര്‍, ടി.പി മുഹമ്മദാലി, ഇക്ബാല്‍ താന്നൂര്‍, ശിഹാബ് പ്ലസ് ,അസ്‌ലം കളത്തിങ്കല്‍ എന്നിവരും പങ്കെടുത്തു