പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി പാർട്ടി ഗ്രാമത്തില്‍ കാമുകനെ വിവാഹം കഴിച്ചു.

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി കാസര്‍കോട്ടെ സിപിഎം ഗ്രാമത്തില്‍ കാമുകനെ വിവാഹം കഴിച്ചു. ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചായിരുന്നു വിവാഹം. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് വീടുവിട്ടത്. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

 

ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. നാല് ദിവസം മുമ്പ് രാത്രിയായിരുന്നു ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കി യുവതി കാമുകനൊപ്പം കാസര്‍കോട്ടേക്ക് കടന്നത്.

 

 

തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം യുവതി നാടകീയമായി കടന്നുകളഞ്ഞത്. ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും യുവതി വഴങ്ങിയില്ല.

 

സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സി.പി.എം കോട്ടയില്‍ എത്തിയ വിവരം കിട്ടിയത്.