പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം

തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിന് 6190 പോലീസ് ഉദ്യോഗസ്ഥര്‍

മലപ്പുറം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറു മുതല്‍ 44 തണ്ടര്‍ബോള്‍ട്ട് സേന അംഗങ്ങള്‍ വീതം കോമ്പിംഗ് പട്രോളിംഗ് നടത്തും. ഇതിന് പുറമെ 24 സുരക്ഷ ഉദ്യോഗസ്ഥരെ പ്രശ്‌ന ബൂത്തുകളിലും നിയോഗിക്കും. ഇതിന് പുറമെ ജില്ലയിലാകെ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ ഓരോ ഡിവിഷനിലും വലിയ വാഹനത്തില്‍ 10 പേര്‍ വീതമുള്ള പോലീസ് സംഘവുമുണ്ടാകും.

എസ്പി, ഡി ഐ ജി, ഐജി, എഡിജിപി, ഡിജിപി എന്നിവരോടൊപ്പം 12 വാഹനങ്ങളിലായി 18 സേനഅംഗങ്ങള്‍ വീതം പ്രത്യേകമായും ഡ്യൂട്ടിയിലുണ്ടാകും. വോട്ടെടുപ്പ് ദിവസം 10 സ്ഥലങ്ങളിലായാണ് ഇവര്‍ സുരക്ഷ ചുമതലയിലുണ്ടാകുക. അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാന്‍ വലിയ 22 വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിവിധ മേഖലകളിലുണ്ടാകും. ഒരു യൂനിറ്റ് ജില്ലാ പോലീസ് മേധാവിക്കൊപ്പം മലപ്പുറത്തും മറ്റുള്ളവ അതത് ഡിവൈഎസ്പിമാര്‍ക്ക് കീഴിലുമാകും. 530 സ്‌പെഷ്യല്‍ ഓഫീസര്‍മാരും ഡിസംബര്‍ ഒന്നിന് പരിശീലനത്തിന് ഹാജരായ പോലീസ് റിക്യൂട്ട്‌സ് അംഗങ്ങളും ക്രമസമാധാന പാലനത്തിനുണ്ടാകും.

മുന്‍ പോലീസ്, മുന്‍ പട്ടാളം, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ 1503 പേരാണ്. ആകെ 6190 പോലീസ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു.