സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയരഥത്തിൽ; ഡോ. ആസാദ്.
കോഴിക്കോട്: കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമായി വിജയരഥത്തിൽ എഴുന്നള്ളിച്ചതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നത് ഇടതുപക്ഷ അശ്ലീലമാണെന്ന് ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കൊടുവള്ളിയിലേത് കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ലെന്നും ഡോ. ആസാദ് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.