സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു

സി.പി.എം. തപ്സിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബെംഗാളിൽ സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു. ഹാൽദിയ എം.എൽ.എ. താപ്സി മൊണ്ഡലാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

 

ശനിയാഴ്ച ബെംഗാളിൽ അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന് താപ്സി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊൽക്കത്തയിലെത്തുക.

 

സി.പി.എമ്മിൽ താൻ മാനസികമായി തകർന്നിരിക്കുകയാണെന്ന് താപ്സി പറഞ്ഞു. പാർട്ടിയുടെ ഏറ്റവും മോശം അവസ്ഥയിൽ താൻ ഒപ്പമുണ്ടായിരുന്നു. എന്നാൽ പാർട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാർട്ടിയുടെ പ്രദേശിക സംവിധാനം ജീർണിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ കരുതുന്നത് ഈ പാർട്ടിയിൽ തുടർന്നു കൊണ്ട് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ്- തപ്സിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

 

അതേസമയം സി.പി.എം. തപ്സിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

 

നേരത്തെ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇവർ ബി.ജെ.പിയിലേക്ക് ആണെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സി.പി.എം. എം.എൽ.എയും ബി.ജെ.പിയിലേക്ക് എത്തുന്നത്.