ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി.

തിരൂർ പോലീസ്‌ വഞ്ചനാ കുറ്റത്തിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു 1208/2020 IPC 420 

തിരൂർ: എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. തിരൂർ പോലീസ് സ്റ്റേഷനിൽ പ്രമുഖ പീഡിയാട്രിക് സർജനും തിരൂർ നഴ്സിങ് ഹോം ഉടമയുമായ ഡോ അബ്ദുൽനാസറും കോഴിക്കോട് നടക്കാവ്‌ പോലീസ് സ്റ്റേഷനിൽ ഫറോക്ക് കോയാസ് ആശുപത്രിയിലെ പ്രമുഖ സർജൻ ഡോക്ടർ സി വി സലീമുമാണ് കഴിഞ്ഞ നവംബറിൽ 17നു പരാതി നൽകിയിരുന്നത്. കേസ് രജിസ്റ്റർ ചെയ്ത്‌   എഫ് ഐ ആർ ഇടാത്ത സാഹചര്യത്തിൽ ഇരുവരും ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ് 21നു പരിഗണിക്കാനിരിക്കെയാണ് തീരുർ പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഴിക്കോട് മിനി ബൈപ്പാസിൽ സംയുക്തസംരംഭമായി എം ഇ എസുമായി ചേർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് പ്രലോഭിപ്പിച്ചും എം ഇ എസ് എന്ന സംഘടനയുടെ പൂർണ ഗാരണ്ടി ഉറപ്പ് നൽകിയും 46 നിക്ഷേപകരിൽ നിന്നായി 2013 മുതൽ കോടികളുടെ നിക്ഷേപം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി. ഈ പദ്ധതിയിലേക്ക് ഡോക്ടർ നാസർ 13,93,577 രൂപയും ഡോക്ടർ സലീം 26 ലക്ഷവും നൽകി. ഇവരെ കൂടാതെ പലരിൽ നിന്നുമായി 28 കോടിയോളം രൂപയാണ് സമാഹരിച്ചിട്ടുള്ളത്.

 

ഈ പദ്ധതിയിലേക്കെന്നും പറഞ്ഞ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ പ്രമോട്ടറായി തുടങ്ങിയ ഫെയർഡീൽ ഹൈൽനെസ്സ്‌ സൊല്യൂഷൻസ് എന്ന കമ്പനിക്കായി കോഴിക്കോട് ഗോവിന്ദപുരത്ത് ഫസൽ ഗഫൂറിന്റെ മകൻ ഡോക്ടർ റഹീം ഗഫൂർ 90 സെന്റ് ഭൂമി വാങ്ങി. ഫെയർഡീൽ ഹൈൽനെസ്സ്‌ സൊല്യൂഷൻസ് എന്ന കമ്പനിയിൽ MESന് ഷെയറുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ MESന് വ്യക്തമായ നിയന്ത്രണമുണ്ടെന്നും പ്രതികൾ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തിൽ വാങ്ങിയ ഭൂമിക്കരികിലായി എംഇഎസിനും ഒരേക്കറോളം ഭൂമിയുണ്ടായിരുന്നു. ഈ രണ്ട് ഭൂമിയിലും കൂടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയാൻ എംഇഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ പി ഓ ജെ ലബ്ബയും ഡോ റഹീം ഗഫൂറും സംയുക്തമായാണ് കെട്ടിട നിർമാണത്തിന് അപേക്ഷ നൽകിയത്. സ്വകാര്യ നിക്ഷേപ കമ്പനിയുമായുള്ള ഈ കൂട്ടുകെട്ടിന് എംഇഎസിന്റെ സംസ്ഥാന എക്സിക്യൂട്ടീവിൻറെയോ ജനറൽ ബോഡിയുടെയോ അംഗീകാരമോ എംഇഎസുമായി ഒരു അഗ്രിമെന്റോ ഒരു കാലത്തും ഇല്ലാതിരുന്നിട്ടും നേരെ മറിച്ചാണ് കൃത്രിമ രേഖകൾ കാണിച്ച് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഈ സ്വകാര്യ കമ്പനിക്കും ആശുപത്രി പദ്ധതിക്കും അംഗീകാരമുണ്ടെന്ന് കാണിക്കാൻ MESൻറെ മിനുറ്റ്സിൽ കൃത്രിമത്വം കാണിച്ചുവെന്ന് പിന്നീട് കോടതി നിർദ്ദേശ പ്രകാരം നടന്ന പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.

ഒരു കാലത്തും കെട്ടിട നിർമാണത്തിന് അനുമതി കിട്ടാനിടയില്ലാത്ത നഞ്ച ഭൂമിയിൽ തുടങ്ങിയ നിർമാണം 2016 മുതൽ നിയമപരമായി തടസപ്പെട്ടു. നിർമാണത്തിന് വേണ്ട അനുമതികൾ ലഭിക്കുന്നതിന് മുമ്പേ പൈലിങ് അടക്കമുള്ള നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. നിക്ഷേപകർ രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിക്ഷേപകരുടെ യോഗം വിളിക്കുകയോ ഇത് വരെ ഷെയർ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ഫെയർഡീൽ ഹൈൽനെസ്സ്‌ സൊല്യൂഷൻസ് കമ്പനിയുടെ പ്രവർത്തനവും ആശുപത്രി പദ്ധതിയും പൂർണമായി നിലച്ച മട്ടാണ്. കമ്പനിയുടെ മിനി ബൈപാസിൽ വാടകക്കെടുത്ത രെജിസ്റ്റേർഡ് ഓഫീസ് 2016 മുതൽ‌ അടഞ്ഞുകിടക്കുകയാണ്. നിലവിൽ കമ്പനിക്ക് എവിടെയും ഓഫീസ്‌ ഉള്ളതായി അറിവില്ല. കമ്പനി രജിസ്ട്രാർക്ക് ഔദ്യോഗികമായി സമർപ്പിച്ച രേഖകളിൽ വ്യപകമായ കൃത്രിമം നടന്നിട്ടുണ്ട്.

 

എംഇഎസും സ്വകാര്യ നിക്ഷേപ കമ്പനിയും തമ്മിലെ കൂട്ടുകെട്ടിന് സംഘടനാ ഘടകങ്ങളുടെ അനുമതിയില്ലാത്തത് വിവാദമാവുകയും കെട്ടിട നിർമ്മാണം അനധികൃതമാണെന്ന് വരികയും ചെയ്തപ്പോൾ കെട്ടിട നിർമാണത്തിന് നൽകിയ അപേക്ഷ നിക്ഷപകരുടെ സമ്മതമോ അറിവോ ഇല്ലാതെ പിൻവലിച്ചു. ഡോ ഫസൽ ഗഫൂറും, പ്രൊഫസർ പി ഓ ജെ ലബ്ബയും, ഡോ റഹീം ഗഫൂറും സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് വ്യമോഹിപ്പിച്ചു നിക്ഷേപം സ്വീകരിക്കുകയും എം ഇ എസിന്റെ പേര് പറഞ്ഞു വഞ്ചിക്കുകയും ചെയ്തെന്നും ഈ മൂന്ന് പേരും നിരുത്തരവാദപരമായ പെരുമാറ്റും തുടരന്നതിനാൽ ഇവർക്കെതിരെ പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ കാണിച്ച് നിയമനടപടികളുമായി മുന്നോട്ടു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും പരാതിക്കാർ പറയുന്നു.