കോവിഡ് വാക്സിൻ സ്വീകരിച്ച സൗദിയിലെ ആദ്യ വനിത
ജിദ്ദ: കോവിഡ് വാക്സിൻ സ്വീകരിച്ച സൗദിയിലെ ആദ്യത്തെ വനിതയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ശൈഖ അൽഹർബി. കോവിഡ് പ്രതിരോധനത്തിനുള്ള വാക്സിനേഷൻ കാമ്പയിൻ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഉദ്ഘാടനം ചെയ്ത ഉടനെ വാക്സിൻ കുത്തിവെപ്പിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ ശൈഖ അൽഹർബിയായിരുന്നു. 60 വയസ്സുള്ള ഇവർ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ചു.
സൗദിയിൽ വാക്സിന് വിധേയയായ ആദ്യത്തെ വനിതയായതിൽ ഏറ്റവും സന്തുഷ്ടയാണ്. വാക്സിനേഷന് എത്തിയപ്പോൾ ആരോഗ്യമന്ത്രിയെ കാണാനായത് സന്തോഷകരമായ നിമിഷങ്ങളിലൊന്നാണ്. ഗവൺമെൻറ് നിർദേശമനുസരിച്ച് ജനങ്ങളുടെ ആരോഗ്യത്തോടും ആരോഗ്യ സേവനങ്ങളോടും മന്ത്രി കാണിക്കുന്ന താൽപര്യം എനിക്ക് അനുഭവപ്പെടുകയുണ്ടായെന്നും ശൈഖ അൽഹർബി പറഞ്ഞു. വാക്സിൻ രജിസ്ട്രേഷൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ഉടനെ മാമാതാവിന്റെ പേര് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്ന് മകൻ അത്വീഖ് അൽമുതൈരി പറഞ്ഞു. അടുത്ത ദിവസം ആരോഗ്യ മന്ത്രാലയത്തിൽനിന്ന് വാക്സിനേഷൻ തീയതി സംബന്ധിച്ച വിവരം ലഭിച്ചു. ഉദ്ഘാടന ദിവസം രാവിലെ നിശ്ചിത സമയത്ത് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച സ്ഥലത്തെത്തി.
മാമാതാവിന്റെ തൊട്ടടുത്ത റൂമിൽ ആരോഗ്യ മന്ത്രിയും വാക്സിനെടുക്കാനുണ്ടായിരുന്നു. വാക്സിനേഷന് ശേഷം മന്ത്രി ശൈഖയെ കാണാനെത്തി. വാക്സിൻ ആദ്യം സ്വീകരിച്ചതിന് അവരെ മന്ത്രി അഭിനന്ദിച്ചെന്നും മകൻ അത്വീഖ് അൽമുതൈരി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കോവിഡ് വാക്സിൻ കാമ്പയിന് സൗദിയിൽ തുടക്കമായത്. ബഹുരാഷ്ട്ര മരുന്ന് നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിനാണ് സൗദിയിൽ അംഗീകാരം ലഭിച്ചത്. രണ്ട് ഗഡു വാക്സിനുകൾ രാജ്യത്ത് എത്തുകയും ചെയ്തു. വാക്സിനേഷൻ ഉദ്ഘാടന വേളയിൽ ആരോഗ്യ മന്ത്രിക്ക് പുറമെ ശൈഖയും മറ്റൊരു സൗദി പൗരനും കുത്തിവെപ്പിന് വിധേയരായി. വാക്സിനേഷന് ശേഷമുള്ള ശൈഖ അൽഹർബി സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.