കോളജുകള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറന്നേക്കും. കോളജുകളില്‍ അവസാന വർഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കുവാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. 50 ശതമാനത്തില്‍ താഴെ വിദ്യാർത്ഥികളെ വച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.

കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.