തിരൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എ.പി നസീമയ്ക്ക് സാധ്യത

 

 

തിരൂർ: 19 സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫിന് തിരൂർ നഗരസഭ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. പുതുമുഖങ്ങളെ പരീക്ഷിച്ച യു.ഡി.എഫ് ചെയർപേഴ്സണായി ആരെ കൊണ്ടുവരുമെന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. മുസ്ലീം ലീഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് പത്താം വാർഡിൽ നിന്നും വിജയിച്ച ആളത്തിൽ പറമ്പിൽ നസീമയെയാണ് നിർദേശിച്ചിരിക്കുന്നത്. ഒരു പേര് മാത്രമാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. നസീമയുടെ പേര് മേൽ കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. പൊതുപ്രവർത്തന രംഗത്ത് സജീവമായ നസീമ 2010 – 15 കാലയളവിൽ നരസഭ കൗൺസിലറായിരുന്നു. വനിത ലീഗ് പ്രവർത്തകയും പകര ശിഹാബ് തങ്ങൾ ഇൻ്റർനാഷണൽ സ്കൂൾ അധ്യാപികയുമാണ്.
153 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ നസീമ വിജയിച്ചു കയറിയത്.

നിയുക്ത ചെയർപേഴ്സന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഈ മാസം 28ന് രാവിലെ 10 മണിക്കാണ് ഭരണസമിതി അധികാരത്തിലേറുന്നത്.തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പുണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടക്കും.