ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്; പ്രവാസി നിക്ഷേപത്തില്‍ കുറവ്.

ജില്ലയിലെ സെപ്റ്റംബര്‍ പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ബാങ്കുകളിലെ നിക്ഷേപം 1691 കോടിയുടെ വര്‍ദ്ധനയോടെ 41843 കോടിയായി. ഇതില്‍ 12531 കോടി പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍ നിന്ന് 204 കോടിയുടെ കുറവാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. 61 ശതമാനമാണ് ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം. കേരള ഗ്രാമീണ ബാങ്കില്‍ 83 ശതമാനവും കാനറ ബാങ്കില്‍ 63 ശതമാനവും എസ്ബിഐയില്‍ 32 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 27 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 48 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം.

വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ 36 ശതമാനവും ബാങ്കുകള്‍ക്ക് നേടാനായി. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വിഭാഗത്തില്‍ 4190 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റു വിഭാഗങ്ങളില്‍ 1526 കോടിയും നല്‍കി. വിവിധ വിഭാഗങ്ങളിലായി 11081 കോടി വായ്പ മുന്‍ഗണനാ വിഭാഗങ്ങളില്‍ നല്‍കാനുള്ള സാധ്യതയും യോഗത്തില്‍ വിലയിരുത്തി. അതില്‍ 52 ശതമാനം കാര്‍ഷിക അനുബന്ധ മേഖലയിലും 34 ശതമാനം എംഎസ്എംഇ മേഖലയിലുമാണ് വിലയിരുത്തുന്നത്. ജില്ലയിലെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള നബാര്‍ഡ് പി-എല്‍- പി സബ് കലക്ടര്‍ കെ.എസ് അഞ്ജു പ്രകാശനം ചെയ്തു.

 

യോഗത്തില്‍ ആര്‍ബിഐ മാനേജര്‍ പി ജി ഹരിദാസ്, നബാഡ് ഡി ഡി എം മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ ജി എം ഷീബ സഹജന്‍, ലീഡ് ബാങ്ക് മാനേജര്‍ പി പി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.