ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു

പ്രമുഖരടക്കം അഞ്ചുപേരെ പുറത്തിരുത്തി കാര്യമായ അഴിച്ചുപണികളോടെ ടീമിനെ ഇറക്കിയ കിബു വിക്യുനയുടെ തീരുമാനം ശരിവെക്കുന്ന വിധമാണ് മഞ്ഞപ്പട കളിച്ചത്

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും ബ്ലാസ്‌റ്റേഴ്‌സിനായി.

 

 

പ്രമുഖരടക്കം അഞ്ചുപേരെ പുറത്തിരുത്തി കാര്യമായ അഴിച്ചുപണികളോടെ ടീമിനെ ഇറക്കിയ കിബു വിക്യുനയുടെ തീരുമാനം ശരിവെക്കുന്ന വിധമാണ് മഞ്ഞപ്പട കളിച്ചത്. സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ മലയാളി താരം അബ്ദുൽ ഹക്കു 29-ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. അർജന്റീന താരം ഫാക്കുണ്ടോ പെരേര എടുത്ത കോർണർ കിക്കിനിടെ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹക്കു ഉയർന്നു ചാടി കരുത്തുറ്റ ഹെഡ്ഡറുതിർത്തപ്പോൾ ഹൈദരാബാദ് കീപ്പർ സുബ്രത പാലിന് കാഴ്ചക്കാരനാവേണ്ടി വന്നു.

 

 

ഇരുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ഹൈദരാബാദിന് തുറന്ന അവസരങ്ങൾ നൽകാതെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അവർ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഹക്കുവും സന്ദീപ് സിംഗും അടങ്ങുന്ന പ്രതിരോധം ശക്തമായി നിലകൊണ്ടു. അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് എല്ലാം മറന്ന് ആക്രമിച്ചപ്പോൾ കൗണ്ടർ അറ്റാക്കിൽ നിന്നാണ് മഞ്ഞപ്പടയുടെ വിജയമുറപ്പിച്ച ഗോൾ വന്നത്. ബോക്‌സിൽ രാഹുലിന് പന്തുകിട്ടുന്നത് തടയാനുള്ള ആദിൽ ഖാന്റെ ശ്രമത്തിൽ പന്ത് തന്റെ വഴിക്കുവന്നപ്പോൾ സർവ സ്വതന്ത്രനായി നിന്ന പെരേര അനായാസം ലക്ഷ്യം കാണുകയായിരുന്നു.

 

ആദ്യജയത്തോടെ പോയിന്റ് സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്ന് ആറാക്കി ഉയർത്തിയ ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള ഹൈദരാബാദാണ് തൊട്ടുമുന്നിൽ. 16 പോയിന്റ് വീതമുള്ള മുംബൈയും എ.ടി.കെയുമാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.