കാര്‍ഷിക സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ക്ക് അധിക ആദായനികുതി
മലപ്പുറം : കേരള കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരില്‍ നിന്ന് അധിക ആദായനികുതി ഈടാക്കുന്നതായി പരാതി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ അടയ്ക്കുന്ന തുകയ്ക്കും സര്‍വ്വകലാശാല അടയ്ക്കുന്ന തുകയ്ക്കും ആദായനികുതി ചുമത്തുന്നത് ജീവനക്കാരെ വെട്ടിലാക്കിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ യുഫാസ്റ്റ് സോഫ്റ്റ്‌വെയര്‍ പിഴവ് മൂലമാണ് വര്‍ഷങ്ങളായി അധിക ആദായനികുതി ഈടാക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാലയിലെ ഫിനാന്‍സ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരമാണ് അധിക ആദായനികുതി ഈടാക്കുന്നതെന്നാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഇഗവര്‍ണന്‍സ് ജീവനക്കാരുടെ വാദം. കേരളസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള യൂണിസ്പാര്‍ക് നടപ്പാക്കാതെ, പിഴവുകള്‍ ഉള്ള യൂഫാസ്റ്റ് സോഫ്റ്റ്‌വെയര്‍ ആണ് സര്‍വ്വകലാശാലയില്‍ ഇപ്പോഴും ഉപയോഗിക്കുന്നത് . സര്‍വ്വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലേക്കുള്ള പ്രൊമോഷനുകള്‍ക്കു ആദായനികുതി നിയമങ്ങള്‍, സര്‍വകലാശാല നിയമം, സ്റ്റാറ്റിയൂട്ടുകള്‍, യുജിസിഐസിഎആര്‍ റെഗുലേഷനുകള്‍, വിവരാവകാശ നിയമം, ജിഎസ്ടി നിയമം, സേവനാവകാശ നിയമം മുതലായവ ഉള്‍പ്പെടുന്ന പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഇത്തരം പിഴവുകള്‍ ഒഴിവാക്കാമെന്ന് ജീവനക്കാര്‍ പറയുന്നു.