പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു

അരീക്കോട്: പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രിന്‍സിപ്പല്‍ ചട്ടം ലംഘിച്ചത്. പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രിന്‍സിപ്പലിനും ഭാര്യക്കും കുടുംബത്തിന്റെ മറ്റ് മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിന്നു. ഇത് വകവെക്കാതെ പ്രിന്‍സിപ്പലും ഭാര്യയും മരണവീട്ടിലും സ്‌കൂളിലുമെത്തി. ക്വാറന്റൈന്‍ കാലയളവില്‍ ഇദ്ദേഹം മൂര്‍ക്കനാട് അങ്ങാടിയിലെത്തിയതായി നാട്ടുക്കാര്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരിന്നു. എന്നാല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഫോണില്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോട് ധിക്കാരപരമായി സംസാരിച്ചതായും പരാതിയുണ്ട്.