വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര്

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര് രൂക്ഷമാക്കി. കർഷക സംഘടനകളെ ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ടി നസറുദ്ദീൻ വ്യക്തമാക്കിയിരുന്നത്.

 

എന്നാൽ വ്യാപാരികളുടെ രാഷ്ട്രീയപ്പാർട്ടി എന്ന നസറുദ്ദീന്റെ നിർദേശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ വിശ്വസിക്കുന്ന ആയിരങ്ങളാണ് സംഘടനയിൽ അംഗത്വമെടുത്തിട്ടുള്ളത്. അവരെയെല്ലാം തന്റെ വിലപേശലിന് ഉപകരണമാക്കാനാണ് നസറുദ്ദീന്റെ നീക്കമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രാദേശിക നേതാക്കൾതന്നെ ഇതിനകം നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

 

തീരുമാനവുമായി മുന്നോട്ടുപോകുന്ന പക്ഷം സംഘടനയിൽനിന്നും രാജിവയ്ക്കുന്നതുൾപ്പെടുള്ള കടുത്ത നീക്കങ്ങൾക്കാണ് വിവിധ പ്രദേശങ്ങളിലെ അംഗങ്ങൾ തയ്യാറെടുക്കുന്നത്. നസറുദ്ദീന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിവിധ പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തിന് കത്തുകൾ അയക്കുകയാണ്.

 

ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കുമെന്നും ഏകോപന സമിതി ഭാരവാഹികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക, വ്യാപാര ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണു പാർട്ടി രൂപീകരിക്കുന്നതെന്നും പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ടു കർഷക സംഘടനകളുമായുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും ഇവർ അറിയിച്ചിരുന്നു.

 

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അടുത്തയാഴ്ച ചേരും. ഇതിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഒരു ലക്ഷം പേരെ പാർട്ടിയിൽ അണിനിരത്തുമെന്നാണ് ഏകോപന സമിതി ഭാരവാഹികളുടെ അവകാശവാദം.