സ്കൂൾ അടപ്പിച്ച സംഭവത്തിൽ മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ

മലപ്പുറം: ഊർങ്ങാട്ടിരി സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്കൂൾ അടപ്പിച്ച സംഭവത്തിൽ

മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ സവാദ് അഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. കൊവിഡ് പരിശോധന ഫലം ഉള്‍പ്പെടെ അധ്യാപകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഡിസംബര്‍ 18ന് ആരംഭിച്ച ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി വിഭാഗം ഇപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മൂര്‍ക്കനാട് സ്‌കൂളില്‍ നടന്ന ക്രമീകരണങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതാണ് പിന്നീട് നടന്ന സംഭവങ്ങളുടെ തുടക്കമെന്ന് അധ്യാപകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രിന്‍സിപ്പാള്‍ സ്‌കൂളില്‍ എത്തിയെന്നാരോപിച്ചാണ് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രിന്‍സിപ്പലുമായി സമ്പര്‍ക്കത്തില്‍ വന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോകണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

നാളത്തെ വാർത്ത…. അണിയറയിൽ ഒരുങ്ങുന്നു എന്ന് കേൾക്കാനിടയായി….

 

ആരോഗ്യ വകുപ്പ് സ്‌കൂൾ അടപ്പിച്ചു. മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പാൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനാൽ ടിയാനുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, മറ്റുള്ളവർ എന്നിവർ കൊവിഡ്‌ പരിശോധന നടത്തി നെഗറ്റീവായതിനു ശേഷം മാത്രം സ്‌കൂൾ തുറക്കാവൂ എന്ന കർശന നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. പ്രിൻസിപ്പാളിന്റെ കൊവിഡ്‌ മാത്രമായിരിക്കും ശ്രദ്ധാകേന്ദ്രം. മൂർക്കനാട് പ്രദേശത്ത് കൊവിഡ്‌ രോഗികൾ കൂടുന്നതുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ തന്നെ മുന്നറിയിപ്പോ, ഒരേ ക്യാംപസിൽ പ്രവർത്തിക്കുന്ന ഹൈസ്‌കൂളിന് പ്രവർത്തനാനുമതി നല്കിയതോ, ഒരേ കെട്ടിടത്തിലെ ഹൈസ്‌കൂൾ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതോ വാർത്തയാവില്ല.

ഹയർ സെക്കന്ററി പ്രിൻസിപ്പാളിന്റെ ധിക്കാരം നിറഞ്ഞ പെരുമാറ്റവും, ആരോഗ്യ പ്രവർത്തകരോട് നിയമം പറഞ്ഞതുമാവും വിഷയം. അല്ലെങ്കിലും ഒരു അധിക പ്രസംഗി എന്ന പേര് ഉള്ളത് കൊണ്ട് അടുത്ത് പരിചയമില്ലാത്തവർ വിശ്വസിക്കും. എന്തായാലും കുട്ടികളുടെ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയ്ക്കില്ല. ക്ലാസ്സ് സമയക്രമം കുട്ടികളെ/രക്ഷിതാക്കളെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റ് വാർഡ് മെമ്പർ, എച് എം, അധ്യാപക പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്.

 

(ഡിസംബർ മാസം 18 നു തുടങ്ങിയ ഒന്നാം വർഷ ഇമ്പ്രൂവുമെന്റ് പരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ആരോഗ്യ വകുപ്പിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടിയതാണ് കഥയുടെ തുടക്കം. എന്നാൽ നിങ്ങളെ നിയമം കാണിക്കാം എന്ന് പറഞ്ഞു പോയതാണ്… ആരോഗ്യ വകുപ്പിനെ മൊത്തം പറയുന്നില്ല …. ഒരാൾ … ഒരേ ഒരാൾ….. പിന്നെ ഞാൻ 29/12/2020 നു നടത്തിയ ടെസ്റ്റിൽ നെഗറ്റീവ് ആണ്… കൊവിഡ്‌ പോസിറ്റീവിനെക്കാൾ കൊടും ഭീകരനാണ് കൊവിഡ്‌ നെഗറ്റീവ് എന്ന് ഞാൻ മനസ്സിലാക്കാൻ വൈകി…. ക്ഷമിക്കണം….)