അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ഭ്രമരം, പാസഞ്ചർ, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയവയാണ് പ്രധാന കവിതകൾ.