കര്‍ഷക സമരത്തിന്റെ ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി നിര്‍ണ്ണയിക്കും – പി പി സുനീര്‍

മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സമ വാക്യങ്ങളുടെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്നതാണെന്ന് സിപിഐ നേതാവ് പി പി സുനീര്‍. കിസാന്‍ സംഘര്‍ഷ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദില്ലയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 13 ദിവസമായി മലപ്പുറത്ത് നടന്നു വരുന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാന്‍ സംഘര്‍ഷ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദില്ലയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറത്ത് നടന്നു വരുന്ന സത്യാഗ്രഹ സമരം സിപിഐ നേതാവ് പി പി സുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

പൊതുമേഖലാ സ്ഥാപനങ്ങളിലെ സിംഹഭാഗവും ഭൂമിയും, വിമാനതാവളങ്ങള്‍, റെയില്‍വെ തുടങ്ങിയവയെല്ലാം കൈക്കലാക്കിയ കോര്‍പ്പറേറ്റുകള്‍ ഏറ്റവും ഒടുവില്‍ കര്‍ഷകന്റെ ഭൂമിയും അതിലെ ഉത്പ്പന്നങ്ങള്‍ പോലും സ്വന്തം വരുതിയിലാക്കി കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതും അതിന് അനുഗുണമായ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപപ്പെടുത്തുന്നതും ജനാധിപത്യത്തിന്റെ ജീര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. എ പി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം തുളസിദാസ് പി. മേനോന്‍, കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ക്ലീറ്റസ് മാസ്റ്റര്‍, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ സെയ്തലവി, സാലിഹ് ഇ, കര്‍ഷക സംഘംനേതാവ് സുന്ദര്‍രാജ് സംസാരിച്ചു.