മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ

മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. എല്ലാവരും യു.കെയിൽ നിന്ന് എത്തിയവരാണ്.

 

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ നഗരവാസികളാണ്. മറ്റു മൂന്ന് പേർ പുനെ, താണെ, മിര ബയാന്തർ എന്നിവിടങ്ങളിൽ നിന്നാണ്. എല്ലാവരുടെയും സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ക്വാറന്‍റീൻ ചെയ്യുകയാണ്.

മഹാരാഷ്ട്രയിൽ 4000ത്തോളം പേരാണ് സമീപകാലത്ത് യു.കെയിൽ നിന്ന് എത്തിയത്. ഇവരിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ എട്ട് പേരിലാണ് പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്.

പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യു.കെയിൽ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ തന്നെ ക്വാറന്‍റീൻ ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.