കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌

വളാഞ്ചേരി: മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കാടാമ്പുഴയിൽ ചേർന്ന മണ്ഡലം കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌. നേതാക്കൾ ഓഫീസിലെ കസേരകളെടുത്ത്‌ പരസ്‌പരം എറിഞ്ഞു. ആറ് കസേര പൂർണമായും തകർന്നു. അങ്ങോട്ടുമിങ്ങോട്ടും കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും നടത്തി.

തെരഞ്ഞെടുപ്പിൽ ചേലക്കുത്ത് വാർഡിൽനിന്ന്‌ കോൺഗ്രസ്‌ റിബൽ സ്ഥാനാർഥി മത്സരിച്ചിരുന്നു. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ഫണ്ട് നൽകിയതിനെ ചിലർ ചോദ്യംചെയ്‌തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ രാജിവയ്ക്കാൻ കാരണം മുൻ മണ്ഡലം ഭാരവാഹിയുടെ പിടിപ്പുകേടാണെന്നും  ആരോപണമുയർന്നു.

ഇതോടെയാണ്‌  നേതാക്കള്‍ രണ്ടു ചേരികളായി തിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌‌. കോൺഗ്രസ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്വല്ലറി അടക്കമുള്ളവയുടെ വാടക വരുമാനം കൃത്യമായി കാണിച്ചിട്ടില്ലെന്നും ആക്ഷേപമുയർന്നു. കൈയാങ്കളിക്ക് നേതൃത്വം നൽകിയ രണ്ട്‌ നേതാക്കള്‍ക്കെതിരെ നടപടിക്കായി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകി.