ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ഇസ്തിമാറയും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. പോലീസ് പരിശോധനയിലും ബാങ്കുകളുടെയും കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപാടുകളിലും മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇഖാമയും ലൈസന്‍സും കാണിച്ചുകൊടുത്താല്‍ മതിയെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാഅരി അറിയിച്ചു. നിലവിലെ പ്ലാസ്റ്റിക് രേഖകള്‍ ഇനി കൊണ്ടുനടക്കേണ്ടതില്ല. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈല്‍ ഫോണിലെ മൈദാന്‍ ആപ് വഴി ഡിജിറ്റല്‍ ഇഖാമ അവര്‍ക്ക് പരിശോധിക്കാനാകും.

സൗദികളുടെ ബത്താഖയും ഇതോടൊപ്പം ഡിജിറ്റലാക്കി. സൗദിയില്‍ ഏത് ഇടപാടുകളുടെയും അന്തിമ രേഖയായി ഇനി ഈ ഡിജിറ്റല്‍ രേഖയാണ് പരിഗണിക്കുക. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ ഇഖാമ കാണിച്ചുകൊടുക്കാനാകും. മൊബൈല്‍ ഫോണുകളില്‍ അബ്ശിര്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ഡിജിറ്റല്‍ റെക്കോര്‍ഡ് എന്നത് ക്ലിക്ക് ചെയ്താല്‍ ക്യുആര്‍ കോഡ് പ്രത്യേക്ഷപ്പെടും. ഇതാണ് ഡിജിറ്റല്‍ ഇഖാമയായി പരിഗണിക്കുന്നത്.