65 വയസിന് മുകളിലുള്ളവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്.

കോവിഡ് മാർഗനിർദേശം പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: ഉത്സവ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആൾക്കൂട്ടങ്ങളും പൊതു കലാപരിപാടികളും നടക്കാൻ കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ വരുന്നു. കോവിഡ് മാർഗനിർദേശം പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.

 

65 വയസിന് മുകളിലുള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കരുത്. പ്രായമായവർ പൊതു പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദേശം പറയുന്നു. ഉത്സവങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നവർ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് വേണം അനുമതി തേടാൻ.

കണ്ടെയ്ൻമെന്റ് സോണുകളിൽ ഉത്സവപരിപാടികൾ നടത്താൻ പാടില്ല. ഗർഭിണികളും കുട്ടികളും ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കണം. പുരോഹിതർ അടക്കം എല്ലാവരും മാസ്ക് ധരിക്കണം. എല്ലാവരിലും കോവിഡ് ലക്ഷണങ്ങൾ പരിശോധിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ ഉത്സവ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കരുത്. ഇങ്ങനെ നീളുന്നു ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ.

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകളും, സ്വിമ്മിംഗ് പൂളും തുറക്കുന്നതിന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിരുന്നു. തിയറ്ററുകളിൽ ആകെ സീറ്റുകളിൽ പകുതി പേർക്ക് മാത്രമെ ടിക്കറ്റ് നൽകാവൂ എന്നും,

രാത്രി ഒൻപത് മണി വരെ മാത്രമെ തീയറ്ററുകൾ തുറക്കാവൂ എന്നും ആരോഗ്യവകുപ്പ് മാർഗനിർദ്ദേശമുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശം ഉറപ്പ് വരുത്തി മാത്രമെ സ്വിമ്മിംഗ് പൂളിൽ ഇറാക്കാവൂ എന്നും, കൃത്യമായ ഇടവേളയിൽ പൂളിന്റെ പരിസരം വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശത്തിൽ പറയുന്നു.