പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ.

കൊണ്ടോട്ടി: രണ്ടുവർഷം മുൻപ് മംഗളൂരു വനിതാ പോലീസ്സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ. നീറാട് സ്വദേശി എം.പി. നിധീഷ് (33) ആണ് പിടിയിലായത്.

മംഗളൂരു സ്വദേശിയായ യുവതിയാണ് നിധീഷിനെതിരേ പരാതിനൽകിയത്. പലതവണ കർണാടക പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. നിധീഷ് ഗോവയിലും മറ്റുമായി ഒളിവിലായിരുന്നു.

കോവിഡിനെത്തുടർന്ന് നിധീഷ് നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ഹരിദാസിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് യുവാവിനെ പിടികൂടിയത്. ഇയാളെ മംഗളൂരു പോലീസിന് കൈമാറി.