കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ല സജ്ജം : ഡ്രൈ റണ്‍ നാളെ.

ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ വാക്സിന്‍ കുത്തിവെയ്പ്പ് ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത് 24238 പേരാണ്.

മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ. അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇതിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതിനുവേണ്ടി പരിശീലനം

നല്‍കുകയും എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക്തല ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ വാക്സിന്‍ കുത്തിവെയ്പ്പ് ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത് 24238 പേരാണ്. വാക്സിന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും നൂറ് ശതമാനം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ കോവിന്‍ എന്ന സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ഒന്നാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. അതിനു ശേഷം മുന്‍നിര പ്രവര്‍ത്തകര്‍ക്കും, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും, മറ്റിതര രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന്‍ നല്‍കുന്നതാണ്.

യഥാര്‍ത്ഥത്തിലുള്ള വാക്സിന്‍ നല്‍കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ ഇന്ന് (08.01.2021) ജില്ലാ ആശുപത്രിയായ നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോള്‍ഡ് ചെയിന്‍ പോയിന്‍റായ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രിയായ പെരുന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളില്‍ നടത്തും. ഓരോ സ്ഥലത്തും രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്നറിയുന്നതിനുള്ള ഒരു ട്രയലാണ് ഇന്ന് നടത്തുന്നത്. വാക്സിനേഷന്‍ ടീമില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും ഉള്‍പ്പെടെ അഞ്ച് പേരാണുള്ളത്. വാക്സിന്‍

നല്‍കുന്ന ഓരോ സെന്‍ററിലും ഒരു കാത്തിരിപ്പു മുറി, ഒരു കുത്തിവെയ്പ് മുറി, ഒരു നിരീക്ഷണ മുറി എന്നിവ ഉണ്ടായിരിക്കും. ഓരോ സെന്‍ററിലും ഇന്ന് 25 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കാനുള്ള സൗകര്യമുണ്ടാകും. എല്ലാ കേന്ദ്രങ്ങളും കുറ്റമറ്റ രീതിയില്‍ ഡ്രൈ റണ്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ടീം നേരില്‍ ചെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തി.