പന്താവൂർ ഇർഷാദ് കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും വസ്ത്രങ്ങളും കണ്ടെടുത്തു.
എടപ്പാൾ: പന്താവൂർ സ്വദേശി ഇർഷാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും ഇർഷാദിന്റെ വസ്ത്രങ്ങളും വാച്ചും ഫോട്ടോയും അന്വേഷകസംഘം കണ്ടെടുത്തു. ബുധനാഴ്ച ഒന്നാംപ്രതി സുഭാഷുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
പ്രതി അറിയിച്ചതിനെ തുടർന്ന് നീലിയാട് – ആനക്കര റോഡിരികിലെ തോടിന് സമാനമായ കിടങ്ങിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഇർഷാദിന്റെ വസ്ത്രങ്ങളും വാച്ചും ലാപ്ടോപ് ബാഗിലാക്കിയും ശ്വാസംമുട്ടിച്ച് കൊല്ലാൻ ഉപയോഗിച്ച കയർ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലുമാണ് കണ്ടെടുത്തത്. ബാഗിൽനിന്നും ഇർഷാദിന്റെ ഫോട്ടോ ലഭിച്ചു.
ഇർഷാദിന്റെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ഷോക്ക് അബ്‌സോർബർ കണ്ടെടുക്കാനായില്ല. ഇക്കഴിഞ്ഞ ജൂൺ 11ന് രാത്രിയാണ് പന്താവൂർ സ്വദേശി ഇർഷാദിനെ സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്ന് ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ചശേഷം കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം 12ന് പുലർച്ചെ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
സിഐ ബഷീര്‍ ചിറക്കല്‍, എസ്ഐ ഹരിഹരസൂനു, സ്ക്വാഡ് അംഗം രാജേഷ് എന്നിവരും സംഘത്തിലുണ്ടായി.