ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു
പരപ്പനങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്തയാഴ്ച പൂർത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപനം 23-ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ. പറഞ്ഞു.
36 കോടി രൂപ ചെലവിലാണ് മേൽപ്പാലം നിർമിക്കുന്നത്. 110 സെന്റ് ഭൂമിയാണ് ഏറ്റെടുത്തിരുന്നത്. ഭൂവുടമകൾക്കുവേണ്ട നഷ്ടപരിഹാരമായ 12.14 കോടി രൂപ ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. ഇവ അടുത്തയാഴ്ച വിതരണംചെയ്യും. 23.9 കോടി രൂപ ചെലവിലാണ് റയിൽവേ മേൽപ്പാലം നിർമിക്കുക.
തീരദേശറോഡിൽ ചേരുന്ന രീതിയിലാണ് നിർമാണം. മേൽപ്പാലത്തിന് 370 മീറ്റർ നീളമാണുണ്ടാകുക. 10.15 വീതിയുള്ള പാലത്തിൽ ഏഴുമീറ്റർ വീതി വാഹനം പോകുന്നതിനും ഒന്നരമീറ്റർ വീതി നടപ്പാതക്കുവേണ്ടിയുമാണ്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ. പറഞ്ഞു