ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
മോട്ടോര്‍വാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
പഠനനിലവാരം ഉയര്‍ത്താനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക്
സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
നിലവില്‍ മോട്ടോര്‍വാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്‌കൂളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. മാത്രമല്ല ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാന്‍
അറിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ലൈസന്‍സ് നേടുന്നവര്‍ വീണ്ടും പരിശീലനം തേടിയ ശേഷമാണ് വാഹനം ഓടിക്കുന്നതെന്നും പരാതികള്‍ ഉയരുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം.