പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം. കോവിഡിന്റെയും പക്ഷിപ്പനിക്കെതിരെയും പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ എത്തിയ സംഘമാണ് മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ് കെ സിങ് എന്നിവരാണ് ജില്ലയിലെത്തിയത്.

സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നത് തുടരണമെന്ന് അദ്ദേഹം പറഞ്ഞു. തകഴി, പള്ളിപ്പാട്, കുരുവാറ്റ പ്രദേസങ്ങലിലാണ് സംഘം സന്ദര്‍ശിച്ചത്. ഇവിടങ്ങളില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കലക്ടർ എ അലക്സാണ്ടർ, മൃഗസംരക്ഷണ, ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിനോദസഞ്ചാര മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണവും ജാഗ്രതയും വേണമെന്ന് സംഘം ചൂണ്ടിക്കാട്ടി.