കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാനതല പ്രചാരണജാഥ നടത്തും.
ഫെബ്രുവരി ഒന്നിന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന ജാഥ 22 ദിവസം നീളും. 140 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജാഥയിൽ മുൻനിര നേതാക്കൾ അണിനിരക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാനതല പ്രചാരണജാഥ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന ജാഥ 22 ദിവസം നീളും. 140 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജാഥയിൽ മുൻനിര നേതാക്കൾ അണിനിരക്കുമെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ രമേശ് ചെന്നിത്തല അറിയിച്ചു.
നിയമസഭ തെരെഞ്ഞടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കാൻ ബെന്നി ബഹനാൻ ചെയർമാനും സി.പി. ജോൺ കൺവീനറുമായ സമിതിക്ക് യോഗം രൂപം നൽകി. ഘടകകക്ഷി പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്. ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ സമുദായനേതാക്കളുമായി യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. സമൂഹത്തിലെ പൊതുവിഷയങ്ങളിലാണ് സമുദായ, മതനേതാക്കൾ ആശങ്ക അറിയിച്ചത്. യു.ഡി.എഫിനോട് പറഞ്ഞാൽ പരിഹാരമുണ്ടാകുമെന്ന് അവർ കരുതുന്നുണ്ട്. ആശങ്കൾ പരിഹരിക്കാൻ യു.ഡി.എഫ് നടപടിയെടുക്കും. അതുസംബന്ധിച്ച കാര്യങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിൽ പരസ്യമായി അറിയിക്കും.
സംസ്ഥാന സർക്കാറിനെതിരായ പ്രക്ഷോഭം ശക്തമാക്കും. ഇതിെന്റെ ഭാഗമായി മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും 23ന് കൂട്ട ധർണ സംഘടിപ്പിക്കും. താഴേത്തട്ടിൽ മുന്നണിസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി 15ന് ജില്ല മുന്നണി ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം ചേരും. 16, 17 തീയതികളിലായി മുഴുവൻ ജില്ലകളിലും യു.ഡി.എഫ് ചേരുമെന്നും ചെന്നിത്തല അറിയിച്ചു.