സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു പരുക്കേറ്റു.

താനൂർ: ഒഴൂർ പഞ്ചായത്ത് ഓഫിസിൽ സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു പരുക്കേറ്റു. വാർഡ് ആറിലെ എൽഡിഎഫിലെ പായക്കര മൂസക്കുട്ടിക്കാണ് പരുക്കേറ്റത്. 11.30ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് സെക്രട്ടറിയുടെ മുറിയിലെത്തിയപ്പോഴാണ് സംഭവം.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി കള്ളിയാട്ട് ഹനീഫ സെക്രട്ടറിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി അംഗമായ മൂസക്കുട്ടിയോട് അസഭ്യം പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ് തളർന്നു വീണ അംഗത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

 

പഞ്ചായത്തംഗത്തെ ഓഫിസിൽ കയറി മർദിച്ചതിൽ സിപിഎം പ്രതിനിധികൾ സെക്രട്ടറിക്കും പൊലീസിലും പരാതി നൽകി. പൊതു പ്രവർത്തകനുമായി സംസാരത്തിനിടെയുണ്ടായ തെറ്റിധാരണയിലാണ് തർക്കമുണ്ടായതെന്ന് പ്രസിഡന്റ് നെച്ചിയേങ്ങൽ യൂസുഫ് അറിയിച്ചു.