അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയി യാത്രികൻ മരിച്ച സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
ചങ്ങരംകുളം: കടവല്ലൂരിലെ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ച കേസില്‍ ആഡംബര വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. മാറഞ്ചേരി സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ വലിയകത്ത് വീട്ടില്‍ ഷബീറിനെയാണ് (26) കുന്നംകുളം സി.ഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. പെരുമ്ബിലാവില്‍നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് പോയിരുന്ന സ്കൂട്ടറിന്‍െറ പിറകില്‍ അമിതവേഗതയില്‍ എത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ സമീപത്തെ പാടത്തേക്ക് തെറിച്ചുവീണു. ചങ്ങരംകുളം പുന്നക്കല്‍ താമസിക്കുന്ന മുണ്ടംപിലാക്കല്‍ മൊയ്തുണ്ണിയുടെ മകന് നജ്മല്‍ (21) തത്സമയം മരിക്കുകയും സഹയാത്രികന്‍ കല്ലുര്‍മ്മ പെരുമ്ബാള് സ്വദേശി ആഷിക്കിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തില്‍പെട്ട വാഹനം നിര്‍ത്താതെ പോയി. ഇടിച്ച വാഹനവും പ്രതിയെയും കണ്ടെത്താന്‍ കുന്നംകുളം അസി. പൊലീസ് കമീഷണര്‍ ടി.എസ്. സിനോജിന്‍െറ നിര്‍ദേശത്തില്‍ കുന്നംകുളം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
പെരുമ്ബിലാവ് മുതല്‍ ചങ്ങരംകുളം വരെയുള്ള നിരവധി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇടിച്ചത് ആഡംബര വാഹനമായ ലാന്‍ഡ് ക്രൂസര്‍ വിഭാഗത്തിലുള്ളതാണെന്നും ചങ്ങരംകുളം പരിധിയില്‍നിന്ന് പോയിട്ടില്ലെന്നും അറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ പിടികൂടി വാഹനം ഒളിപ്പിച്ചിരുന്ന ആനക്കരയിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ഇതരസംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐ വി.എസ്. സന്തോഷ്, എ.എസ്.ഐമാരായ പ്രേംജിത്ത്, ഗോകുലന്‍, സി.പി.ഒമാരായ സുജിത്, സുമേഷ്, വൈശാഖ്, മെല്‍വിന്‍, ഷിബിന്‍ എന്നിവരും ഉണ്ടായിരുന്നു.