മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ആദ്യവാഗ്ദാനം പൂര്‍ത്തിയായി

കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാത സവാരിക്കായി തുറന്നു കൊടുത്തു

മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നല്‍കിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാത സവാരിക്കാര്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. ദിനേനയെന്നോണം നൂറുകണക്കിന് ആളുകള്‍ നേരം പുലരുന്നതു മുതല്‍ മലപ്പുറം കോട്ടക്കുന്നില്‍ പ്രഭാത സവാരിക്കായി എത്തിചേരാറുണ്ടായിരുന്നു. മലപ്പുറം നഗരത്തിന്റെ പുലര്‍കാല കാഴ്ചകളില്‍ ഏറെ മനം കവരുന്നതായിരുന്നു കോട്ടക്കുന്നിന്റെ ചെരിവുകളിലൂടെയുള്ള പ്രഭാത നടത്തം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിടുകയോ നിയന്ത്രണം വരുത്തുകയോ ചെയ്ത ഇടങ്ങളിലെല്ലാം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ബഹുജന ആവശ്യം ഉയര്‍ന്ന് വന്നശേഷവും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടക്കുന്ന് തുറന്നു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരിയുടെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘം കലക്ടറെ കാണുകയും തുടര്‍ന്ന് കലക്ടര്‍

അടിയന്തിരമായി ഇടപെട്ട് പാര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു. വീണ്ടു പ്രഭാത സവാരിക്കാര്‍ക്ക് തുറന്നു കൊടുക്കുന്ന ചടങ്ങ് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരിയും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെയും നേതൃത്വത്തില്‍ പ്രഭാത സവാരി നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി കെ ഷഹീര്‍, മഹ്്മൂദ് കോതേങ്ങല്‍, ഷാഫി, ഷജീര്‍ കളപ്പാടന്‍, പി എസ് എ ഷബീര്‍, റഊഫ് മാസ്റ്റര്‍ വരിക്കോടന്‍, ഹനീഫ് രാജാജി, ഡി ടി പി സി സെക്രട്ടറി ദിനേഷന്‍ കുഞ്ഞപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.