സാമുദായിക ശാക്തീകരണം സാമൂഹ്യ നീതിയുടെ അടിത്തറ- വെള്ളാപ്പള്ളി
മലപ്പുറം : സാമുദായ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാന്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മലബാറും മലപ്പുറം ജില്ലയുമെന്ന് എസ് എന്‍ ഡി പി യോഗംജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചു. മലപ്പുറം എസ് എന്‍ ഡി പി യൂണിയന്റെ പുതിയ ഓഫീസ് കെട്ടിട സമുച്ചയവും കോണ്‍ഫറന്‍സ് ഹാളും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു എയ്ഡഡ് കോളേജ് പോലും ഇല്ലാത്ത സമുദായമായാണ് ഈഴവ തിയ്യ സമുദായം മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്നത്. സാമുദായിക സംഘടിത ശക്തിയായി നിലനില്‍ക്കാത്തതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ സമുദായത്തെ പരിഗണിക്കുന്നില്ലാ എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സാമുദായികമായി ഐക്യപ്പെട്ട് സംഘടനയുടെ കൊടിക്കീഴില്‍ അണിനിരക്കാത്തതു കൊണ്ട് സമസ്ത മേഖലയിലും അവഗണന മാത്രമാണ് ഈ സമുദായത്തിനുള്ളത്. രാഷ്ട്രീയ തലത്തിലും ഭരണ തലത്തിലും സമുദായത്തിന് പ്രാതിനിധ്യമില്ല. ഒരു രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമുദായത്തെ പരിഗണിക്കുന്നുമില്ല. മരണപ്പെട്ടാല്‍ സംസ്‌കരിക്കുന്നതിന് ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത സമുദായമായി ഈഴവ, തിയ്യ സമുദായം അധപതിച്ചിരിക്കയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മലബാര്‍ മേഖലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണ ഗുരുദേവനിലെ ഈശ്വരീയത തിരിച്ചറിഞ്ഞ് ഐക്യപ്പെടാന്‍ സാധിക്കണമെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി രാജന്‍ മഞ്ചേരി പറഞ്ഞു. യോഗത്തില്‍ എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടര്‍മാരായ നാരായണന്‍ നല്ലാട്ട്, പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ശങ്കരന്‍ മാസ്റ്റര്‍, വനിതാ സംഘം പ്രസിഡന്റ് ചന്ദ്രിക അധികാരത്ത്, സെക്രട്ടറി സരള പട്ടത്ത് , യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പുരുഷോത്തമന്‍ എ കെ, സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍, മലപ്പുറം ശാഖാ യോഗം സെക്രട്ടറി ജതീന്ദ്രന്‍ മണ്ണില്‍തൊടി തുടങ്ങിയവര്‍ സംസാരിച്ചു. എസ്എന്‍ ഡി പി യോഗം തൃശൂരില്‍ സംഘടിപ്പിച്ച് ഗിന്നസ് ലോക റിക്കോര്‍ഡ് നേടിയ ‘ഏകാത്മകം’ മെഗാ ഇവന്റ് നൃത്ത പരിപാടിയില്‍ പങ്കെടുത്ത മലപ്പുറം യൂണിയനിലെ നര്‍ത്തകിമാര്‍ക്ക് ഡോ. കെ.വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.