ലോകത്ത് കോവിഡ് മരണം 20 ലക്ഷം

വാഷിങ്ടൺ: ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ് മരിച്ചത്. കോവിഡ് മരണങ്ങൾ ഏറ്റവുമധികമുണ്ടായത് യൂറോപ്യൻ വൻകരയിലാണ്. 6,50,560 മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്. ലാറ്റിന മേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും 5,42,410 മരണങ്ങൾ രേഖപ്പെടുത്തി. അമേരിക്കയിലും കാനഡയിലുമായി 407,090 പേർ മരിച്ചു.

 

യു.എസ്., ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. യു.എസ് (389,581) ബ്രസീൽ (207,095) ഇന്ത്യ (151,918), മെക്സിക്കോ (137,916), ബ്രിട്ടൻ (87,295), ഇറ്റലി (81,325) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കോവിഡ് മരണങ്ങളുണ്ടായത്. ഈ ആറ് രാജ്യങ്ങളിലാണ് ആഗോള മരണസംഖ്യയുടെ പകുതിയിലധികവും.

ചൈനയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം സെപ്റ്റംബർ 28 നാണ് കോവിഡ് മരണം 10 ലക്ഷം കടന്നത്. അതിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയും നാല് മാസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മാത്രം ദിവസേ ശരാശരി 13,600 മരണങ്ങളാണ് ലോകത്ത് സംഭവിച്ചത്.

കോവിഡ് ആരംഭിച്ചത് മുതൽ ഇതുവരെ ലോകത്ത് 93,321,070 പേർക്ക് കോവിഡ് ബാധിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. യു.എസ്. ഇന്ത്യ, ബ്രസീൽ, റഷ്യ, യ.കെ. തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത്.