പെട്രോൾ, ഡീസൽ വില ഉയരുന്നു.
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് തകർത്ത് കുതിക്കുന്നു. കൊച്ചി നഗരത്തിന് പുറത്ത് ആദ്യമായി ഡീസൽ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് 81.26 രൂപയായി. പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 85.50 രൂപയും തിരുവനന്തപുരത്ത് 87.23 രൂപയുമായി. കോഴിക്കോട് പെട്രോൾ വില 85.66 രൂപയായും ഡീസൽ 79.82 രൂപയായും ഉയർന്നു.
ചൊവ്വാഴ്ച പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.
രണ്ടുമാസത്തിൽ പെട്രോളിന് 4.44 രൂപയും ഡീസലിന് 5.09 രൂപയുമാണ് കൂട്ടിയത്. (നവംബർ 18ന് കൊച്ചിയിൽ പെട്രോളിന് 81.16രൂപ, ഡീസലിന് 74.56 രൂപ)
ആറുമാസത്തിനിടെ പെട്രോളിന് 14. 04 രൂപയും ഡീസലിന് 13.91 രൂപയും കൂട്ടി. (ജൂൺ 5ന് പെട്രോളിന് 71.46, ഡീസലിന് 65.73 രൂപ).
അന്താരാഷ്‌ട്ര വിപണിയിൽ എണ്ണയ്‌ക്ക് വില കുറഞ്ഞുനിൽക്കുന്ന സമയത്താണ് ഈ വർധന. മുമ്പ് ഡീസലിന് 79ഉം പെട്രോളിന് 85 രൂപയുമായി ഉയർന്ന 2018ഒക്‌ടോബറിൽ അസംസ്‌കൃത എണ്ണയ്‌ക്ക് ബാരലിന് 84 ഡോളർ ഉണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്‌ച വെറും 52 ഡോളറാണുള്ളത്. കഴിഞ്ഞ വർഷം രണ്ടു തവണയായി കേന്ദ്രസർക്കാർ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയതാണ് വില ഇത്രയും ഉയരാൻ കാരണം.