സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.

കൊണ്ടോട്ടി: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികൾ പിടിയിൽ.

കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻഫാരിസ് (സുട്ടാണി- 35), കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരാണ് പിടിയിലായത്.

ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേർന്ന് വെള്ളിയാഴ്ച പുലർച്ചെ ഒന്നാംമൈലിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. മഞ്ചേരി പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണിവർ.

പിടിയിലായ അബൂബക്കറിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തോളം കഞ്ചാവുകേസുകളും മോഷണക്കേസുകളുമുണ്ട്. മധുരയിൽ കഞ്ചാവുമായി പിടിക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിലായിരുന്നു. അഞ്ചു മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. ഹരിദാസൻ, നാർക്കോട്ടിക്‌സെൽ ഡിവൈ.എസ്.പി. പി.പി. ഷംസ്, എന്നിവരുടെ നിർദേശപ്രകാരം

 

ഇൻസ്‌പെക്ടർ കെ.എം. ബിജു, എസ്.ഐ. വിനോദ് വലിയാട്ടൂർ, എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, സി.പി. മുരളി, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, ടി. ശ്രീകുമാർ, പി. സഞ്ജീവ്, കൃഷ്ണകുമാർ, മനോജ്കുമാർ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.