പച്ചക്കറി വില കൂടുന്നു; നേന്ത്രപ്പഴ വില താഴോട്ട്.
മഞ്ചേരി: സാമ്പാറിലെ മുഖ്യയിനങ്ങളായ വെണ്ടക്കും മുരിങ്ങാക്കായക്കും വൻ വിലക്കയറ്റം. മുരിങ്ങാക്കായക്ക് കിലോക്ക്100ഉം വെണ്ടക്ക് 80ഉം രൂപയാണ് ഞായറാഴ്ചത്തെ മൊത്ത വില. ചില്ലറ വിപണിയിൽ കിലോ വെണ്ടക്ക് 100 രൂപയും മുരിങ്ങാക്കയ്ക്ക് 120 രൂപയും കൊടുക്കണം.
വില കൂടിയതോടെ ഹോട്ടലുകളിലും മറ്റും സാമ്പാറിൽ വെണ്ടയും മുരിങ്ങയും പേരിന് മാത്രമായി. തമിഴ്നാട്ടിൽ മഴ കാരണം വിളവെടുപ്പില്ലാത്തതാണ് തീ വിലയ്ക്ക് കാരണമായി പറയുന്നത്. മുരിങ്ങക്ക് ഈ സീസണിൽ വില കൂടാറുണ്ടെങ്കിലും വെണ്ടയുടെ കയറ്റം അപ്രതീക്ഷിതമെന്ന് വ്യാപാരികൾ പറയുന്നു.
പയർ, ബീൻസ്, കയ്പ എന്നിവക്കും വിലക്കയറ്റമുണ്ട്. പയറിനും ബീൻസിനും 45 രൂപ വീതവും കയ്പക്ക് 35 രൂപയുമാണ് മൊത്തവില. തക്കാളി (20), കാബേജ് (10), ചേന (18), വെള്ളരി (25), വലിയുള്ളി (34), കാരറ്റ് (25), എളവൻ (എട്ട്) എന്നിങ്ങനെയാണ് മറ്റ് പച്ചക്കറി വില. ഊട്ടി ബീറ്റ്റൂട്ടിന് 35 ഉം മൈസൂർ ഇനത്തിന് 20 രൂപയുമായി.
സാമ്പാറിലെ മറ്റൊരിനമായ പച്ചക്കായക്ക് 15 രൂപയേ മൊത്തവിലയുള്ളൂ. നേന്ത്രപ്പഴത്തിന് 18 രൂപയും. ഇതു നാട്ടിൽ വാഴക്കൃഷി നടത്തുന്നവർക്ക് വൻ തിരിച്ചടിയായി. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വാഴപ്പഴമെത്തിയതാണ് വിലക്കുറവിന് കാരണം. റോബസ്റ്റക്ക് 15ഉം മൈസൂറിന് 17 രൂപയുമാണ് മൊത്ത വില.