പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നു: എഴുത്തുകാരന്‍ ബാലന്‍ പൂതേരി
മലപ്പുറം ∙ ഇരുട്ടിൽ അലഞ്ഞ അക്ഷരങ്ങൾക്കു വെളിച്ചമായി മാറിയ ജീവിതമാണ് ബാലൻ പൂതേരിയുടേത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ആ യജ്ഞത്തെയാണു രാജ്യം പത്മശ്രീ പുരസ്കാരത്തിലൂടെ ആദരിച്ചത്.

2001ൽ തന്റെ 45–ാം വയസ്സിൽ കാഴ്ച പൂർണമായി നഷ്ടപ്പെട്ടശേഷവും ബാലൻ അക്ഷരങ്ങളെ കൈവിട്ടില്ല. ആകെ രചിച്ച 214 പുസ്തകങ്ങളിൽ നൂറോളം പുസ്തകങ്ങൾ പൂർത്തിയാക്കിയത് അതിനുശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ്. പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനായുള്ള ഒരുക്കങ്ങൾക്കിടയാണ് പെരുവള്ളൂർ കാടപ്പടിയിലെ വീട്ടിലേക്കു ഇന്നലെ പുരസ്കാര വാർത്തയെത്തിയത്.

മലപ്പുറം കരിപ്പൂരിലെ പൂതേരി വീട്ടിൽ 1955ൽ ജനിച്ച ബാലൻ പൂതേരിക്കു ജന്മനാ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇടതുകണ്ണിലെ നേരിയ കാഴ്ചയുടെ വെളിച്ചത്തിലാണ് പഠനവും വായനയും മുന്നോട്ടുകൊണ്ടുപോയത്. ബിഎസ്എംഒ കോളജിൽ നിന്നു ചരിത്ര പഠനത്തിൽ ബിരുദാനന്തര ബിരുദം നേടി.
1983 ൽ ക്ഷേത്രാരാധന എന്ന ആദ്യ പുസ്തകം പുറത്തിറക്കി. അൻപതാമത്തെ പുസ്തകമായ ‘ഗുരുവായൂർ ഏകാദശി’ 1997ൽ ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തിയാണ് പ്രകാശനം ചെയ്തത്. കുറഞ്ഞ പേജുകളിൽ അവതരിപ്പിച്ച പുസ്തകങ്ങളുടെ എഴുത്തുകാരനും പ്രസാധകനുമെല്ലാം അദ്ദേഹം തന്നെയായിരുന്നു.
ഹരിജനങ്ങളുടെ ഉന്നമനത്തിനായി രൂപീകൃതമായ സംസ്കൃതിരക്ഷ യോജനയുടെ കോഴിക്കോട് ജില്ലാ ഓർഗനൈസർ, കാലിക്കറ്റ് സർവകലാശാല വയോജന വിദ്യാഭ്യാസ സെന്ററുകളുടെ സൂപ്പർവൈസർ ,മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി സെക്രട്ടറി തുടങ്ങിയ ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ചു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം 2019 ൽ നേടി. കേരള സർക്കാരിന്റെ വികലാംഗ പ്രതിഭ പുരസ്കാരം, ഗുരുബാബ ട്രസ്റ്റിന്റെ വിജയശ്രീ പുരസ്കാരം, ലത്തീൻ കത്തോലിക്ക ഐക്യവേദിയുടെ വിശിഷ്ട സേവാരത്നം തുടങ്ങിയവയാണ് മറ്റു പ്രധാന പുരസ്കാരങ്ങൾ.
പത്മശ്രീ പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ ബാലന്‍ പൂത്തേരി. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്കാര തുക അന്ധര്‍ക്കും വികലാംഗര്‍ക്കും വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.