റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പരിസരവാസികള്‍ മൃതദേഹം കണ്ടതായി പോലിസിനെ അറിയിച്ചത്. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. കത്തിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും തൊട്ടടുത്തു നിന്ന് കണ്ടെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊലപാതകമാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.