സിപിഐ പ്രതിനിധികള്‍ക്ക് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ മലപ്പുറത്ത് നല്‍കിയ സ്വീകരണം
മലപ്പുറം : ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുവാനുമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ഏറ്റവുമധികം സാധിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കാണെന്നും അത് ഏറ്റവും ശക്തമായി നടപ്പില്‍ വരുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും കില ട്രെയ്‌നര്‍ വി.സി. ശങ്കരനാരായണന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്ത സിപിഐ പ്രതിനിധികള്‍ക്ക് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ആസ്ഥാനമായ കെ. ദാമോദരന്‍ സ്മരകത്തില്‍ നല്‍കിയ അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം , കൃഷി, ആരോഗ്യം, സാമൂഹ്യ സുരക്ഷ, പൊതു വിതരണം , മറ്റ് അത്യാവശ്യ സഹായങ്ങള്‍ എന്നീ മേഖലകളെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും ഉതകുന്നതാകണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനം. നാളെകളില്‍ അവയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഉയരേണ്ടതുണ്ട്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീര്‍ വിജയികളെ അനുമോദിച്ചു. പി. കുഞ്ഞിമൂസ്സ സ്വാഗതവും പി.ടി. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.