തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചകളും സജീവമായതോടെ സ്ഥാനാർത്ഥികളുടെ ചിത്രവും ഏറെക്കുറെ വ്യക്തമായിത്തുടങ്ങി. 16 സീറ്റുകളുള്ള മലപ്പുറം ജില്ലയിൽ നിലവിൽ നാല് സീറ്റുകൾ ഇടതുമുന്നണിക്കും 12 യു ഡി എഫിനുമാണ്. 2016 ൽ കോൺഗ്രസ് മത്സരിച്ച നാല് സീറ്റുകളിൽ വണ്ടൂർ മാത്രമാണ് ലഭിച്ചത്. ബാക്കി സീറ്റുകളിലെല്ലാം മുസ്ലീം ലീഗ് വിജയിച്ചുകയറി. ഇടത് സ്വതന്ത്രരായ വി.അബ്ദുൽ റഹ്മാൻ, പി.വി അൻവർ താനൂരും നിലമ്പൂരും പിടിച്ചടക്കിയായിരുന്നു ഇടതു മുന്നണി ജില്ലയിൽ കഴിഞ്ഞ തവണ തേരോട്ടം കുറിച്ചത്. ഇത്തവണ കൂടുതൽ സീറ്റുറപ്പിച്ച് ലീഗ് കോട്ടകൾ ഇളക്കുകയാണ്എൽഡിഎഫ് ലക്ഷ്യം. അതേ സമയം നഷ്ടപ്പെട്ട താനൂർ തിരിച്ചുപിടിച്ച് കൂടുതൽ മികവ് തെളിയിക്കാനുള്ള കരുതലോടെയുള്ള നീക്കത്തിലാണ് ലീഗ്.

ജില്ലയിൽ ഇത്തവണയും സ്വതന്ത്രരെ ഇറക്കി മത്സരം കനപ്പിക്കാനാണ് ഇടതു മുന്നണി തീരുമാനം. താനൂർ, തിരൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനവും സ്ഥാനാർത്ഥിത്വവുമായിരിക്കും മത്സരം കനക്കാനുള്ള ഘടകം. ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായതിനാൽ പ്രഗൽഭരെ ഇറക്കിയായിരിക്കും പോരാട്ടം.

തവനൂരിൽ ഇടത് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ.ടി ജലീൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് പാർട്ടിക്കുള്ളിലും ധാരണയായിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന തവനൂർ ലീഗിനു നൽകി ഏറനാട് സീറ്റ് ഉറപ്പിക്കാനുള്ള ചർച്ചയും സജീവമായിട്ടുണ്ട്. തവനൂർ ലീഗ് ഏറ്റെടുക്കേണ്ട സാഹചര്യം വന്നാൽ ഇവിടെയും മത്സരം കനക്കും.എന്നാൽ വച്ചുമാറ്റം സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ടെങ്കിലും യുഡിഎഫിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

തിരൂരിൽ നാട്ടുകാരനും താനൂർ എംഎൽഎയുമായ വി.അബ്ദുൽറഹ്മാൻ്റെ പേരാണ് ഇടതു സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. മുൻ കെപിസിസി അംഗമായിരുന്ന അബ്ദുൽറഹ്മാൻ തിരൂർ നഗരസഭ വൈസ് ചെയർമാൻ കൂടിയായിരുന്നു. സ്വന്തം തട്ടകമെന്ന നിലയിൽ തിരൂരിലേക്കുള്ള ചേക്കേറൽ അനുകൂലമാക്കാൻ സാധിക്കുമെന്നാണ് ഇടത് പാളയത്തിലെ കണക്കുകൂട്ടൽ. അതേ സമയം കഴിഞ്ഞ തവണ തിരൂരിൽ മത്സരിച്ച ഗഫൂർ പി. ലില്ലീസും പാർട്ടിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ചയിലായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച പാർട്ടി ചർച്ച. ഇതിനു ശേഷം വിവിധ ഘടകങ്ങളുടെ അഭിപ്രായ ക്രോഡീകരണത്തിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

തിരൂരിൽ എൻ ഷംസുദ്ദീൻ എം എൽ എ യെയാണ് ലീഗ് പരിഗണിക്കുന്നത്. എന്നാൽ ഷംസുദ്ദീൻ തിരൂർ വിട്ട് താനൂരിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്. ഷംസുദ്ദീന് പുറമെ മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി ബാവഹാജി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെയും തിരൂരിലേക്ക് പരിഗണിക്കുന്നുണ്ട്.

കൂടാതെ തിരൂരിലേക്ക് ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദു റഹ്മാൻ രണ്ടത്താണിക്കു വേണ്ടിയും ചരടുവലിശക്തമാണ്.

താനൂരിൽ വി അബ്ദുൽ റഹ്മാൻ മാറുകയാണെങ്കിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ.ജയന് ആയിരിക്കും സാധ്യത. ലീഗ് സ്ഥാനാർത്ഥിയായി എൻ.ഷംസുദ്ദീൻ,അബ്ദു റഹ്മാൻ രണ്ടത്താണി, സി.പി ബാവഹാജി എന്നിവരാണ് പരിഗണനയിലുള്ളത്.

അതേ സമയം പി.കെ ഫിറോസ്, ലീഗ് മണ്ഡലം പ്രസിഡൻ്റ് മുത്തുകോയ തങ്ങൾ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും താനൂരിലെ വിവിധ ഘടകങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. തിരൂർ, താനൂർ മണ്ഡലങ്ങളിൽ വിവിധ പേരുകൾ പാർട്ടികൾ പരിഗണിക്കുന്നെങ്കിലും, നീക്കം ആർക്കും പിടികൊടുക്കാതെ വിജയത്തിനായുള്ള കരുതലിലാണ് ഇരു മുന്നണികളും.
