പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ; ഡീസലിന് 30.95; ബാക്കി തുക പോകുന്നത് അറിയണോ?

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.

ഇന്ധനവില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്ധനവില വർധിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് സാധാരണക്കാരാണ്. എന്നാൽ, ഇന്ധനവില കുത്തനെ വർധിക്കുന്നതിന് കാരണം വിവിധ നികുതികളാണ്. സർക്കാരിന് ഇന്ധനവില വർധിക്കുമ്പോൾ നികുതിയിനത്തിൽ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് ഇന്ധനവില വർധിക്കുമ്പോൾ സർക്കാരിന് ലഭിക്കുന്നത്.

 

ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും സെസും ഡീലർ കമ്മീഷനും കൂടി ചേരുമ്പോൾ വില 86.46 രൂപയിലെത്തും.

ഡീസലിന്റെ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായ 31.83 രൂപയും മറ്റു ചെലവുകളും ചേരുമ്പോൾ 62.98 രൂപയാകും. ഇതിനൊപ്പം സംസ്ഥാന വിൽപന നികുതിയായ 14.33 രൂപയും അഡീഷണൽ സെയിൽസ് ടാക്സായി ഒരു രൂപയും സെസും ഡീലർ കമ്മീഷനും ചേരുമ്പോൾ ലിറ്ററിന് ആകെ വില 80.67 രൂപയാകും.

 

ഇന്ധനവില എണ്ണ കമ്പനികൾ  ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്.

ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. എണ്ണക്കമ്പനികൾ വീണ്ടും വില വർദ്ധിപ്പിച്ച് തുടങ്ങിയത് നവംബർ മുതലായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും വിലവർദ്ധന.

 

കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.

ചുരുക്കത്തിൽ ഒരു ലിറ്റർ പെട്രോൾ 86 രൂപയ്ക്ക് വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് 22 രൂപയിൽ അധികം ലഭിക്കും. 80 രൂപയ്ക്ക് ഡീസൽ വിൽക്കുമ്പോൾ 18 രൂപയിൽ അധികവും ലഭിക്കും. സംസ്ഥാന സർക്കാരിന് ഇന്ധന വിൽപ്പന നികുതിയിനത്തിൽ മാത്രം പ്രതിമാസം ലഭിക്കുന്നത് 750 കോടി രൂപയാണ്. ഇന്ധനവില കൂടുമ്പോൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വരുമാനം കൂടും. സംസ്ഥാനത്തിന് ഏറ്റവും അധികം നികുതി ഉണ്ടാക്കി നൽകുന്നതിൽ ഇന്ധനത്തിന് രണ്ടാം സ്ഥാനമാണ് ഉള്ളത്.