പുഴമണൽ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നില നിർത്തണം: റെൻസ്ഫെഡ്
തിരൂർ: നിർമ്മാണ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന മെറ്റീരിയലായ മണലിനായി കേരളത്തിലെ മലകൾ തുരന്ന് പാറപ്പൊടിയാക്കി “എം-സാൻഡ്” എന്ന പേരിൽ വിതരണം ചെയ്യുന്നത് ചുരുക്കി കൊണ്ട് വന്ന് അനുദിനം പ്രകൃതി കനിഞ്ഞേകിയ മണൽ കുമിഞ്ഞു കൂടി ആഴം കുറഞ്ഞ് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന പുഴകൾ പുനരുജ്ജീവിപ്പിച്ച് സാധാരണ ജനങ്ങൾക്ക് പുഴമണൽ ലഭ്യമാക്കണമെന്നും പൊതു മേഖല സ്ഥാപനമായ മലബാർ സിമന്റിന്റെ കാര്യക്ഷമത കൂട്ടി അങ്ങോളമിങ്ങോളം എത്തിച്ച് കുറഞ്ഞ വിലക്ക് ലഭ്യമാക്കണമെന്നും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും രജിസ്റ്റേഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. സി മമ്മൂട്ടി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമ്മാണ ചട്ടങ്ങളെ കുറിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് എഇഇ സഫീർ എസ് കരിക്കോട് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി അബ്ദുറഹ്മാൻ എംഎൽഎ, റെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് വിജയകുമാർ, സംസ്ഥാന സെക്രട്ടറി അബ്ദുൽസലാം, സംസ്ഥാന ട്രഷറർ നസീം ജില്ലാ ഇൻചാർജ്, ജയകുമാർ, സംസ്ഥാന ജോയന്റ് സെക്രട്ടറി അബ്ദുൽ മുനീർ, ഷബീർ രാമപുരം സംസാരിച്ചു. ജില്ലാ സെക്രട്ടറി ജുനൈസ് കരുവാടി റിപ്പോർട്ട് അവതരിപ്പിക്കുകയും കൺവീനർ മുഹമ്മദ് ഷാഫി സ്വാഗതമാശംസിക്കുകയും ചെയ്തു.