സംസ്ഥാനത്ത് വിതരണം ചെയ്ത ആൻറിജൻ കിറ്റുകൾ തിരിച്ചുവിളിച്ചു.

തിരുവനന്തപുരം: ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വിതരണം ചെയ്ത ആൽപൈൻ ആൻറിജൻ കിറ്റുകൾ ആരോഗ്യവകുപ്പ് തിരിച്ചുവിളിച്ചു. ഒരു ലക്ഷത്തിലധികം കിറ്റുകളാണ് ഇത്തരത്തിൽ തിരികെ വിളിച്ചത്. ഐ.സി.എം.ആർ അംഗീകരിച്ച ഈ കിറ്റിന് ഗുണനിലവാര പ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ.

പരിശോധിച്ചവരിൽ 30 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഫലത്തിൻെറ കൃത്യതയിൽ സംശയം തോന്നിയാണ് കിറ്റുകൾ തിരിച്ചുവിളിച്ചത്. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ 80 പേരെ പരിശോധിച്ചപ്പോൾ 40ലേറെ പേർ പോസിറ്റീവായി. സംശയംതോന്നി ഇവരിൽ പലരെയും പി.സി.ആർ പരിശോധനക്ക് വിധേയമാക്കിയപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം.

അതേസമയം, എറണാകുളം ഉൾപ്പെടെ ജില്ലകളിൽ പി.സി.ആർ ടെസ്റ്റുകൾ വർധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്.